സുബീൻ ഗാർഗിന്റെ മരണം; ബാൻഡ്മേറ്റും ഗായികയും അറസ്റ്റിൽ
Friday, October 3, 2025 9:47 AM IST
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗ് മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ.
സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്ന് സിംഗപ്പൂർ മാധ്യമം റിപ്പോർട്ട് ചെയ്തു. അതിനിടെ, മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ആസാം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
സുബീൻ ഗാർഗിന്റെ ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ആകെ അറസ്റ്റിലായവർ നാലായി.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂർ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണു മരിച്ചത്. അന്ന് യാനത്തിൽ നടന്ന പാർട്ടിയിൽ സുബീൻ ഗാർഗിനൊപ്പം ഇപ്പോൾ അറസ്റ്റിലായ രണ്ടുപേരും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സുബീൻ ഗാർഗ് കടലിൽ നീന്തുമ്പോൾ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം മഹന്തയുടെ ഫോണിൽ റിക്കാർഡ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഗോസ്വാമിയെയും മഹന്തയെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്.
സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരെ കേസിൽ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇരുവർക്കുമെതിരെ ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഗാർഗിന്റെ മൃതദേഹം പുറത്തെടുത്ത് രണ്ടാംതവണ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.