ദേശീയ തലത്തിൽ പുരസ്കാരത്തിളക്കവുമായി വീണ്ടും കേരളം
Wednesday, October 5, 2022 7:12 PM IST
തിരുവനന്തപുരം: കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡിൽ കേരളത്തിന് മൂന്ന് പുരസ്കാരങ്ങൾ. സ്പെഷൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്കാരങ്ങളും.
ഓരോവിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളിൽ കേരളമാണ് ഒന്നാമത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു.
വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകയ്ക്ക് പ്രത്യേക പുരസ്കാരവും ലഭിച്ചു. നഗരസഭകളിൽ കണ്ണൂർ മട്ടന്നൂർ നഗരസഭമൂന്നാം സ്ഥാനം നേടി. കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടൊരുക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക് ദേശീയ തലത്തിലെ ഈ അംഗീകാരം ഊർജമേകും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ വളരെ വേഗം നീങ്ങുകയാണെന്നും രാജേഷ് പറഞ്ഞു.