വിശപ്പിൽ വലയുന്ന ഇന്ത്യ: ഹംഗർ ഇൻഡക്സിൽ രാജ്യം 107-ാമത്
Saturday, October 15, 2022 11:54 AM IST
ന്യൂഡൽഹി: പെതുജനം അനുഭവിക്കുന്ന കടുത്ത പട്ടിണിയുടെ സൂചന നൽകിക്കൊണ്ട് 2022-ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യക്ക് 107-ാം സ്ഥാനം. 121 രാജ്യങ്ങളുൾപ്പെട്ട പട്ടികയിൽ ദക്ഷിണേഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.
വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് തയ്യാറാക്കിയ പട്ടികയിൽ 29.1 സ്കോർ ലഭിച്ച ഇന്ത്യ കഴിഞ്ഞ തവണ പട്ടികയിൽ 101-ാം സ്ഥാനത്തായിരുന്നു. പൂജ്യം മുതൽ 100 വരെയുള്ള സ്കോറിൽ ഉയർന്ന സ്കോർ പട്ടിണിനിരക്കിന്റെ കാഠിന്യമാണ് സൂചിപ്പിക്കുന്നത്.
ജനസംഖ്യയിലെ നിശ്ചിത ശതമാനം ആളുകൾ അനുഭവിക്കുന്ന പോഷകാഹാരക്കുറവ്, അഞ്ച് വയസിൽ താഴെയുള്ള ശിശുക്കളിലെ വിളർച്ച, ഭാരക്കുറവ്, ശിശു മരണം എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് ഹംഗർ ഇൻഡക്സ് തയ്യാറാക്കുന്നത്.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവർ യഥാക്രമം 99, 64, 84, 81 സ്ഥാനങ്ങൾ നേടി. അഫ്ഗാനിസ്ഥാൻ 109-ാം സ്ഥാനത്താണ്.
പട്ടികയിൽ അവസാന സ്ഥാനത്ത് ഗൾഫ് രാജ്യമായ യെമനാണ്. ചാഡ്, കോംഗോ, മഡഗാസ്കർ, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്ക് എന്നീ രാജ്യങ്ങളും അവസാന അഞ്ച് സ്ഥാനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.