നാഗാലാൻഡിൽ ഒന്പത് തടവുകാർ ജയിൽ ചാടി
Sunday, November 20, 2022 10:48 AM IST
കൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലാ ജയിലിൽ നിന്ന് ഒന്പത് തടവുകാർ രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് റിമാൻഡ് തടവുകാരും കൊലപാതക കേസ് പ്രതികളും ഉൾപ്പെടെയുള്ളവർ ജയിൽ ചാടിയത്.
ജയിലിലെ ഒന്നാം വാർഡിലെ ഒരു സെല്ലിൽ പാർപ്പിച്ചിരുന്ന ഒന്പത് പേരാണ് രക്ഷപ്പെട്ടത്. 29 പേർ വസിച്ചിരുന്ന സെല്ലിലെ മറ്റുള്ളവർ ഉറങ്ങുന്ന വേളയിലാണ് ഇവർ രക്ഷപ്പെട്ടത്. സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ഇവർ തുണികൾ കൂട്ടിക്കെട്ടി ജയിൽ മതിൽ ചാടിക്കടക്കുകയായിരുന്നു.
സെല്ലുകളുടെ പൂട്ട് തകർത്താണ് പ്രതികൾ ജയിൽ ചാടിയതെന്ന് അറിയിച്ച പോലീസ്, ഇവർക്കായി സമീപ ഗ്രാമങ്ങളിൽ വ്യാപക തെരച്ചിൽ ആരംഭിച്ചെന്നും ഏവരെയും ഉടൻ പിടികൂടുമെന്നും അറിയിച്ചു. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ വിവരമറിയിക്കാൻ ഗ്രാമവാസികൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.