"ബഹിഷ്കരണം അപമാനമല്ല'; സാബു എം. ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
Wednesday, December 14, 2022 3:08 PM IST
കൊച്ചി: പി.വി. ശ്രീനിജൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കിറ്റെക്സ് ഗ്രൂപ്പ് തലവൻ സാബു എം. ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എംഎൽഎ പങ്കെടുത്ത ചടങ്ങ് ബഹിഷ്കരിച്ചത് അപമാനിക്കാനാണെന്ന വാദം തള്ളിക്കളഞ്ഞ കോടതി, കേസിൽ അറസ്റ്റ് അനിവാര്യമല്ലെന്ന് വ്യക്തമാക്കി.
എംഎൽഎയെ ബഹിഷ്കരിച്ച നടപടി അപമാനിക്കാനുള്ള ശ്രമമാണെന്ന് കോടതിയെ അറിയിച്ച സർക്കാർ, സാബുവിന് ഏറെ ശത്രുതയുള്ള പി.ടി. തോമസ്, ബെന്നി ബഹനാൻ എന്നിവരുടെ ചടങ്ങ് അദേഹം ബഹിഷ്കരിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിക്കുന്നത് അപമാന ശ്രമത്തിന്റെ ഭാഗമായി ആണോ എന്ന് കോടതി ചോദിച്ചു.
കേസിൽ ചോദ്യം ചെയ്യലിനായി ആരോപണവിധേയർ ഹാജരാകണമെന്നും പറഞ്ഞ കോടതി, ചോദ്യം ചെയ്യലിന് കൃത്യമായ നോട്ടീസ് അടക്കമുള്ള നടപടികൾ പാലിക്കണമെന്ന് അറിയിച്ചു.
എംഎൽഎ നൽകിയ പരാതിയുടെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു എം. ജേക്കബ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഹർജി ക്രിസ്മസിന് ശേഷം പരിഗണിക്കുമെന്ന് അറിയിച്ചു.