"മെസി ഗാംഗ്' മോഷണ സംഘം പിടിയിൽ
Friday, December 23, 2022 12:29 PM IST
ന്യൂഡൽഹി: കടുത്ത മെസി ആരാധകനായ ഫുട്ബോൾ താരം നേതൃത്വം നൽകുന്ന മോഷണ സംഘം ഡൽഹിയിൽ പിടിയിൽ. കൊലപാതകം, മോഷണം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത് "മെസി ഗാംഗ്' എന്നാണ്.
പിങ്കു മെസി എന്ന സംഘത്തലവനൊപ്പം അജയ് കുമാർ, ഫിറോസ്, പമ്മി എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ ഡൽഹിയിലെ ഒരു ഭവനസമുച്ചയത്തിന് സമീപം സംശയാസ്പദമായ നിലയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ പരിശോധിച്ച വേളയിലാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 11 മൊബൈൽ ഫോണുകൾ കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഡൽഹിയിൽ നടന്ന 55 മോഷണക്കേസുകളിൽ ഇവരാണ് പ്രതികളെന്ന് തെളിഞ്ഞു. മെസിയുടെ ആരാധകനായ പിങ്കി നേതൃത്വം നൽകുന്ന സംഘം, ഡൽഹിയിലെ തിരക്കുള്ള സ്ഥലങ്ങളിൽ ചുറ്റിത്തിരിഞ്ഞാണ് മോഷണം നടത്തിയിരുന്നത്. ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന ആരോപണവും ഇവർ നേരിടുന്നു.