തെരുവ്യുദ്ധം നടത്തിയ ഫുട്ബോൾ ആരാധകർക്കെതിരെ നടപടിയുമായി ഇറ്റലി
Sunday, January 15, 2023 1:28 AM IST
റോം: ക്ലബ് ഫുട്ബോളിലെ വൈരം തെരുവിലെ കൂട്ടയടിയാക്കി തീർത്ത നപ്പോളി, എഎസ് റോമ ടീമുകളുടെ ആരാധകർക്കെതിരെ നടപടിയുമായി ഇറ്റലി. ഇരു ടീമുകളുടെയും ആരാധകരെ അടുത്ത രണ്ട് മാസത്തേക്കുള്ള എവേ മത്സരങ്ങൾ കാണാനായി സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയം വിലക്കി.
ജനുവരി 14 മുതൽ രണ്ട് മാസത്തേക്ക് ഇരു ടീമുകളും എവേ മത്സരം കളിക്കുന്ന സ്റ്റേഡിയങ്ങളിലെ എവേ ഫാൻസ് ഗാലറികൾ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു.
സീരി എയിലെ ബദ്ധവൈരികളായ നപ്പോളിയുടെയും റോമയുടെയും ആരാധകർ ജനുവരി എട്ടിനാണ് തെരുവിൽ ഏറ്റുമുട്ടിയത്. വാഹനങ്ങളിൽ സഞ്ചരിക്കുകയായിരുന്ന റോമ ആരാധകർക്ക് നേരെ നപ്പോളി ആരാധകർ കല്ലുകളും കണ്ണീർവാതക ഷെല്ലുകളും എറിഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. വാഹനം നിർത്തി റോഡിലിറങ്ങിയ റോമ ആരാധകർ "എതിരാളികളെ' മർദിച്ചതോടെ സംഘർഷം രൂക്ഷമായി.