സൊമാലിയയിൽ മേയറുടെ ഓഫീസിന് മുമ്പിൽ സ്ഫോടനം; അഞ്ച് പേർക്ക് പരിക്ക്
Sunday, January 22, 2023 7:43 PM IST
മൊഗാദിഷു: സൊമാലിയയിൽ ഇസ്ലാമിക ഭീകരവാദ സംഘടനയായ അൽ ഷബാബ് നടത്തിയ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക്. തലസ്ഥാന നഗരിയായ മൊഗാദിഷുവിലെ അതീവസുരക്ഷാ മേഖലയിലാണ് സ്ഫോടനം നടന്നത്.
മേയറുടെ ഓഫീസിന്റെ ഗേറ്റിന് സമീപത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ശേഷം ഭീകരർ പ്രദേശത്ത് വെടിവയ്പ്പ് നടത്തിയതിനാൽ അപകടത്തിൽപ്പെട്ടവരുടെ യഥാർഥ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രസിഡന്റിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന വിയ്യ സൊമാലിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് ആക്രമണം നടന്നത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അൽ ഷബാബ്, പ്രദേശത്ത് തങ്ങൾ ചാവേർ പോരാളികളെ ഉപയോഗിച്ചെന്നും വെടിവയ്പ്പ് തുടരുകയാണെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഭീകരരെ തുരത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.