കെസിആറിന് ഷൂസ് സമ്മാനിച്ച് ശർമിള; പദയാത്ര നടത്താൻ വെല്ലുവിളി
Thursday, February 2, 2023 9:51 PM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് സ്പോർട്സ് ഷൂസ് സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ വെല്ലുവിളി നടത്തി വൈഎസ്ആർ തെലുങ്കാന പാർട്ടി നേതാവ് വൈ.എസ്. ശർമിള. തന്റെ കൂടെ ഒരു ദിവസമെങ്കിലും പദയാത്ര നടത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടാണ് ശർമിള പ്രതീകാത്മക സമ്മാനദാനം നടത്തിയത്.
വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളുമായി സംവദിക്കുന്ന വേളയിലാണ് ശർമിള ഷൂസ് അടങ്ങിയ പെട്ടി ഉയർത്തിക്കാട്ടി രാഷ്ട്രീയ വെല്ലുവിളി നടത്തിയത്. തന്റെ "പ്രജാപ്രസ്ഥാനം പദയാത്ര'യ്ക്ക് പാതിവഴിയിൽ അനുമതി നിഷേധിച്ചതിനെതിരായുള്ള പ്രതിഷേധമായിയാണ് ശർമിള മുഖ്യന് ഷൂസ് നൽകിയത്.
കൃത്യമായ അളവിലുള്ള ഷൂസാണ് ഇതെന്നും പാകമായില്ലെങ്കിൽ തിരികെ നൽകാൻ പെട്ടിയിൽ ബിൽ കൂടെ വയ്ക്കുന്നതായും ശർമിള അറിയിച്ചു. ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ കെസിആറിന് ഭയമാണെന്നും താൻ ഉന്നയിക്കുന്ന ജനകീയ പ്രശ്നങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയപ്രവർത്തനം എന്നേക്കുമായി ഉപേക്ഷിക്കുമെന്നും ശർമിള വെല്ലുവിളിച്ചു.