വൈദ്യുതി ബില്ലടച്ചില്ല; മലപ്പുറം കളക്ട്രേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
Monday, February 6, 2023 4:22 PM IST
മലപ്പുറം: വൈദ്യുതി ബില്ലടയ്ക്കാത്തതിനാല്‍ മലപ്പുറം കളക്ട്രേറ്റിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഫ്യൂസ് ഊരി കെഎസ്ഇബി. മാസങ്ങളായി ബില്ല് കുടിശിക ഉണ്ടായിരുന്നെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കഴിഞ്ഞ ശനിയാഴ്ചയാണ് കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. ഇന്ന് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കളക്ട്രേറ്റിലെ ബി ബ്ലോക്കിലുള്ള ജില്ലാ വിദ്യാഭ്യാസ ഫീസ്, ഹയര്‍ സെക്കണ്ടറി ഡയറക്ടേറ്റിന്റെ ഓഫീസ്, പട്ടികജാതി ഓഫീസ്, എന്നിവയുടെ പ്രവര്‍ത്തനമാണ് നിലച്ചത്.
എസ്എസ്എല്‍സി പരീക്ഷയുടെയും ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷയുടെ മുന്നരുക്കങ്ങള്‍ നടത്തേണ്ട സമയത്താണ് കമ്പ്യൂട്ടറുകള്‍ പ്രവര്പ്പിക്കാനാകാത്തതോടെ ഉദ്യോഗസ്ഥര്‍ വെറുതേ ഇരിക്കുന്നത്.
20000 രൂപയോളമാണ് ഡി.ഇ ഓഫീസിലെ മാത്രം വൈദ്യുതി കുടിശിക. കെഎസ്ഇബി പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കുടിശിക അടയ്ക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.