കെഎസ്യു സ്ഥാനാർഥിയെ കാറിൽ പൂട്ടിയിട്ട് എസ്എഫ്ഐ
Tuesday, March 14, 2023 6:37 PM IST
തൃശൂർ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തൃശൂർ പൊങ്ങണാട് എലിംസ് കോളജിലെത്തിയ കെഎസ്യു ചെയർപേഴ്സൺ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി.
തൃശൂർ ലോ കോളജിലെ വിദ്യാർഥിയായ തെരേസ് പി. ജിമ്മിയാണ് ആക്രമണം നേരിട്ടത്. എലിംസ് കോളജിലെ യുയുസി ആയ അക്ഷയ് എന്ന വിദ്യാർഥിയോട് വോട്ട് അഭ്യർഥിക്കാനെത്തിയ വേളയിലാണ് തെരേസിനെതിരെ ആക്രമണം നടന്നത്.
തെരേസ് എത്തിയ കാറിന്റെ താക്കോൽ ഊരിമാറ്റിയ എസ്എഫ്ഐ പ്രവർത്തകർ, കെഎസ്യു നേതാക്കളെ കാറിനുള്ളിൽ അര മണിക്കൂർ നേരം ബന്ധനസ്ഥരാക്കുകയായിരുന്നു. വിയ്യൂർ പൊലീസ് എത്തിയാണ് കാറിൽ നിന്ന് കെഎസ്യു പ്രവർത്തകരെ പുറത്തിറക്കിയത്.
എന്നാൽ എലിംസ് കോളജിലെ യുയുസിയുടെ വോട്ടർ ഐഡി കാർഡ് കെഎസ്യു പ്രവർത്തകർ ബലമായി പിടിച്ച് വാങ്ങിയതാണ് സംഘർഷകാരണണെന്ന് എസ്എഫ്ഐ അറിയിച്ചു.