കേംബ്രിഡ്ജ് പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി
Friday, March 17, 2023 10:34 AM IST
ന്യൂഡല്‍ഹി: കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി ആക്രമണം ശക്തമാക്കാനൊരുങ്ങുന്നു.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോപിച്ചു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുകയും ഇവിടെ ജി 20 മീറ്റിംഗുകള്‍ നടക്കുകയും ചെയ്യുമ്പോള്‍ വിദേശ മണ്ണില്‍ രാഹുല്‍ ഗാന്ധി രാജ്യത്തെയും പാര്‍ലമെന്റിനെയും അപമാനിക്കുകയാണെന്ന് നദ്ദ വിമള്ശിച്ചു.
"ദേശീയ വിരുദ്ധ ടൂള്‍കിറ്റിന്റെ' സ്ഥിരം ഭാഗമായി രാഹുല്‍ മാറിയെന്നും തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷ സര്‍ക്കാരിനെയും 130 കോടി ഇന്ത്യക്കാരെയും അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും രാജ്യത്തെ സ്ഥാപനങ്ങളെയും അപമാനിക്കുന്ന ഗാന്ധിയുടെ പ്രസ്താവനകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ജാര്‍ഖണ്ഡിലെ ഗോഡ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്യുന്നത്പരിഗണിക്കണമെന്നും ദുബെ പറഞ്ഞു.