എംഎസ്എഫിന്റെ ആരോപണം അടിസ്ഥാനരഹിതം; മറുപടിയുമായി കെഎസ്യു
Sunday, March 19, 2023 2:53 PM IST
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്യു വോട്ട് മറിച്ചെന്ന എംഎസ്എഫിന്റെ ആരോപണം നിഷേധിച്ച് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെഎസ്യുവിന്റെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നും തങ്ങൾ വോട്ട് മറിച്ചെന്ന ആരോപണം തെറ്റാണെന്നും അലോഷ്യസ് പറഞ്ഞു.
കോളജ് തെരഞ്ഞെടുപ്പുകളിൽ ഇനി കെഎസ്യുമായി സഹകരിക്കില്ലെന്ന എംഎസ്എഫ് സംസ്ഥാന അധ്യക്ഷന് പി.കെ.നവാസിന്റെ പ്രസ്താവന വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും തീരുമാനത്തെ അംഗീകരിക്കുന്നു എന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
അതേസമയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ കെഎസ്യു വോട്ട് മറിച്ചെന്നാരോപിച്ച് യുഡിഎസ്എഫ് കൺവീനർ സ്ഥാനം പി.കെ.നവാസ് രാജിവച്ചിരുന്നു. കെഎസ്യു ചതിച്ചത് കൊണ്ടാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എംഎസ്എഫിന് നഷ്ടപ്പെട്ടതെന്നും നവാസ് ആരോപിച്ചിരുന്നു.