ആഫ്രിക്കയിൽ അൽ ഖ്വെയ്ദ അനുകൂലികൾ തടവിലാക്കിയ രണ്ട് പേർ മോചിതരായി
Tuesday, March 21, 2023 2:17 AM IST
നിയാമെ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സഹേൽ മേഖലയിൽ വച്ച് അൽ ഖ്വെയ്ദ അനുകുല സംഘടനയായ ജമാഅത്ത് നസർ അൽ ഇസ്ലാം മുസ്ലിമിന്റെ(ജെഎൻഐഎം) പിടിയിലകപ്പെട്ട ഫ്രഞ്ച് മാധ്യമപ്രവർത്തകനും അമേരിക്കൻ സാമൂഹ്യപ്രവർത്തകയും മോചിതരായി.
ലിബറേഷൻ ആൻഡ് ലെ പോയ്ന്റ് പത്രത്തിന്റെ റിപ്പോർട്ടറായ ഒളിവർ ദുബോ, യുഎസ് മിഷണറി പ്രവർത്തകയായ ജെഫ്രി വുഡ്കെ എന്നിവരാണ് മോചിതരായത്. ഇരുവരും നൈജർ തലസ്ഥാനമായ നിയാമെയിലെ സുരക്ഷിത കേന്ദ്രത്തിലെത്തി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നൈജറിൽ സന്ദർശനം നടത്തിയതിന് ദിവസങ്ങൾക്കുള്ളിലാണ് ഇരുവരും മോചിതരായത്. 2021-ൽ മാലിയിൽ നിന്ന് കാണാതായ ദുബോയും 2016-ൽ നൈജറിൽ വച്ച് തട്ടിക്കൊണ്ട് പോകപ്പെട്ട വുഡ്കെയും ഇത്രയും നാൾ എവിടെയായിരുന്നുവെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.