ചോക്സിയെ പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് ഒഴിവാക്കി ഇന്റർപോൾ
Tuesday, March 21, 2023 6:13 AM IST
ന്യൂഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്സിക്കെതിരെ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് പിൻവലിച്ച് ഇന്റർപോൾ. ഇന്ത്യൻ അന്വേഷണ ഏജൻസികൾ തന്നെ തട്ടികൊണ്ടുപോവാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ആന്റിഗ്വ ഹൈക്കോടതിയിൽ ചോക്സി ഹർജി നൽകിയതിന് പിന്നാലെയാണ് നടപടി.
അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്. കുറ്റവാളി ഇന്ത്യയുമായി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിലാണ് 2018 മുതൽ താമസം. ഇൻവെസ്റ്റ്മെന്റ് പാസ്പോർട്ട് പ്രകാരം ചോക്സി ആന്റിഗ്വൻ പൗരത്വം നേടിയിരുന്നു.
2018-ൽ ഇന്ത്യ വിടുന്നതിനു മുമ്പുതന്നെ ഇന്റർപോൾ ചോക്സിക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആന്റിഗ്വ, ബാർബുഡ എന്നിവിടങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് തന്റെ റെഡ് നോട്ടീസ് പുനഃപരിശോധിക്കാൻ ചോക്സി കഴിഞ്ഞ വർഷം ഇന്റർപോളിനെ സമീപിച്ചതായാണ് സൂചന.
അതേസമയം, ഇന്റർപോളിന്റെ ലിസ്റ്റിൽ നിന്ന് ചോക്സിയുടെ പേര് നീക്കം ചെയ്യുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയതായാണ് റിപ്പോർട്ട്.