അമൃത്പാലിനെ തിരിച്ചറിയാൻ വിവിധ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്
Wednesday, March 22, 2023 12:27 AM IST
അമൃത്സർ: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ വിവിധ രൂപങ്ങളിലുള്ള ചിത്രം പഞ്ചാബ് പോലീസ് പുറത്തുവിട്ടു. ക്ലീൻ ഷേവ് ഉൾപ്പടെ വിവിധ രീതിയിലുള്ള അമൃത്പാലിന്റെ ഏഴ് ചിത്രങ്ങളാണ് പുറത്തുവിട്ടത്. പൊതുജനങ്ങൾക്ക് അമൃത്പാലിനെ തിരിച്ചറിയാൻ ഈ ചിത്രങ്ങൾ സഹായമാകുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ.
അതേസമയം, പോലീസിനെ വെട്ടിച്ച് അമൃത്പാൽ സിംഗ് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ മാസം 18 ന് ആണ് അമൃത്പാലിനെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത്. മെഴ്സിഡസ് കാറിൽ അമൃത്പാൽ സഞ്ചരിക്കുമ്പോൾ പോലീസ് പിന്തുടരുകയായിരുന്നു. ജലന്ധറിലെ ഷഖോട്ടിൽ മെഴ്സിഡസ് ഉപേക്ഷിച്ച് അനുയായികളുമായി ഇയാൾ മാരുതി ബ്രെസ കാറിലേക്ക് മാറിക്കയറി. കാറിലിരുന്ന് വസ്ത്രംമാറി.
പിന്നീട് ഗുരുദ്വാരയിൽ കയറി വീണ്ടും വസ്ത്രം മാറിയ ശേഷം ബൈക്കിൽ സഹായികൾക്കൊപ്പം കടന്നുകളഞ്ഞു. ബൈക്കിൽ രണ്ട് പേരുടെ ഇടയിലിരുന്നാണ് അമൃത്പാൽ പോലീസിനെ വെട്ടിച്ച് കടന്നത്. ഇയാൾ സംസ്ഥാന അതിർത്തി കടന്നിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
ഉപേക്ഷിക്കപ്പെട്ട ബ്രെസ കാറിൽ ഇയാളുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ 11.27 ന് ജലന്ധറിലെ ടോൾ ബൂത്തിൽ നിന്നുള്ള സിസിടിവി ദൃശ്യത്തിൽ അമൃത്പാലിനെ തിരിച്ചറിഞ്ഞു. ഇതുവഴി മാരുതി ബ്രെസ കാറിൽ കടന്നുപോകുന്ന ദൃശ്യമാണ് ലഭ്യമായത്. കാറിന്റെ മുൻസീറ്റിലായിരുന്നു അമൃത്പാൽ. ബ്രെസ കാറും അമൃത്പാലിനെ രക്ഷപ്പെടാൻ സഹായിച്ച നാല് അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.