രാഹുലിനെതിരെ നടന്നത് മോദി സര്ക്കാരിന്റെ അജണ്ട, രാഷ്ട്രീയപരമായും നിയമപരമായും നേരിടും: കോണ്ഗ്രസ്
Friday, March 24, 2023 3:43 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ നടന്നത് മോദി സര്ക്കാരിന്റെ അജണ്ടയെന്ന് കോണ്ഗ്രസ്. ഇതിനെ രാഷ്ടീയപരമായും നിയമപരമായും നേരിടുമെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
പ്രധാനമന്ത്രിയുമായി ബന്ധമുള്ള അദാനിയുടെ ഇടപാടില് സംയുക്ത പാർലമെന്ററി അന്വേഷണം അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം രാഹുല് ഗാന്ധിയെ അയോഗ്യനാക്കുകയാണ് ചെയ്തത്. ഇന്ത്യന് ജനാധിപത്യത്തിന് ഓം ശാന്തി എന്നും ജയറാം രമേശ് ട്വിറ്ററില് കുറിച്ചു.
ജനാധിപത്യ വിരുദ്ധമായ തീരുമാനമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് പ്രതികരിച്ചു. നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തില് ജനങ്ങള് വിജയിപ്പിച്ച ജനപ്രതിനിധിയെയാണ് കേവലം ഒരു കാരണം പറഞ്ഞ് അയോഗ്യനാക്കിയത്. വിഷയത്തില് നിയമപോരാട്ടം തുടരുമെന്നും വേണുഗോപാൽ പറഞ്ഞു.
രാഹുലിനെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂര് പ്രതികരിച്ചു. എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള രാഷ്ട്രീയംകളിയാണിതെന്നും ജനാധിപത്യത്തിന് ഇത് വലിയ ദോഷം ചെയ്യുമെന്നും തരൂര് വ്യക്തമാക്കി.