"ചുവടിടറിയ നേതാവി'ന്റെ പാർട്ടി ഓഫീസ് പടവുകൾ പൊളിച്ചുനീക്കി ആം ആദ്മി സർക്കാർ
Friday, March 24, 2023 8:19 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടതിന് പിന്നാലെ പുതുതായി നിർമിക്കുന്ന പാർട്ടി ആസ്ഥാന മന്ദിരത്തിന്റെ പടവുകൾ നഷ്ടപ്പെട്ട് കോൺഗ്രസ്.
ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നിർമിക്കുന്ന പാർട്ടിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ചവിട്ടുപടികൾ നടപ്പാത കൈയേറി നിർമിച്ചതാണെന്ന് ആരോപിച്ചാണ് ആം ആദ്മി സർക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പ് പൊളിച്ചുമാറ്റിയത്.
നിർമാണത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ച മന്ദിരത്തിന്റെ പ്രധാനകവാടത്തിന്റെ അടുത്തുള്ള പടവുകൾ പൊതുവഴിയിലേക്ക് ഇറക്കിയാണ് നിർമിച്ചതെന്ന് സർവേയിൽ വ്യക്തമായതായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ദിരാ ഗാന്ധി ഭവൻ എന്ന് നാമകരണം ചെയ്യാൻ ഉദ്ദേശിക്കുന്ന പുതിയ മന്ദിരം ബിജെപിയുടെ ദേശീയ ആസ്ഥാനത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. അന്തരിച്ച കോൺഗ്രസ് നേതാക്കളായ അഹ്മദ് പട്ടേൽ, മോട്ടിലാൽ വോറ എന്നിവരുടെ മേൽനോട്ടത്തിലാണ് വിശാലമായ ഏഴ് നില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം നിർമാണപ്രവർത്തികൾ നീണ്ടുപോവുകയായിരുന്നു.
24, അക്ബർ റോഡ് എന്ന നാല് പതിറ്റാണ്ടായുള്ള മേൽവിലാസം ഉപേക്ഷിച്ച് 2023 ഏപ്രിലിൽ പുതിയ ആസ്ഥാനത്തേക്ക് മാറാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള പാർട്ടി പിളർപ്പിനൊടുവിൽ 1978 ജനുവരിയിലാണ് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിഭാഗം അക്ബർ റോഡിലെ ചെറിയ സർക്കാർ ബംഗ്ലാവിലേക്ക് പാർട്ടി ആസ്ഥാനം മാറ്റിയത്. തുടർന്നുള്ള ദശാബ്ദങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന വിലാസമായി ഇത് മാറി.