തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ മധ്യവയസ്കൻ മരിച്ചു
Sunday, March 26, 2023 11:10 AM IST
കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കൻ മരിച്ചു. ഇരുന്പനം കർഷക കോളനിയിൽ ചാത്തംവേലിൽ വീട്ടിൽ മനോഹരൻ (52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം.
ഇരുന്പനം മനയ്ക്കപ്പടി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും മനോഹരൻ വാഹനം നിർത്താതെ പോയെന്നും പിന്നീട് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പോലീസ് സ്റ്റേഷനിൽവച്ച് ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം മരണ കാരണം സംബന്ധിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.