ലിഫ്റ്റ് ഡോറുകൾക്കിടയിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു
Wednesday, March 29, 2023 11:00 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ലിഫ്റ്റ് ഡോറുകൾക്കിടയിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. പശ്ചിമ ഡൽഹിയിലെ വികാസ്പുരി മേഖലയിലാണ് സംഭവം.
കുടുംബത്തോടൊപ്പം സീതാപുരി പ്രദേശത്ത് താമസിച്ചിരുന്ന ആശിഷ് (ഒമ്പത്) എന്ന കുട്ടിയാണ് മരിച്ചത്. ആശിഷിന്റെ മാതാപിതാക്കൾ തുണി അലക്ക് ജോലി ചെയ്യുന്നവരാണ്.
സംഭവദിവസം അലക്കിതേച്ച വസ്ത്രങ്ങൾ തിരികെ നൽകാൻ ജെ ബ്ലോക്കിലെ വീട്ടിൽ അമ്മ പോയിരുന്നു. ആശിഷും അമ്മയെ അനുഗമിച്ചു. കെട്ടിടത്തിലെ മുകൾ നിലയിലേക്ക് അമ്മ നടന്നുകയറിയപ്പോൾ ആശിഷ് ലിഫ്റ്റിലേക്ക് കയറി.
എന്നാൽ ആശിഷ് ലിഫ്റ്റിന്റെ ഡോറുകൾക്കിടെയിൽ കുടുങ്ങുകയായിരുന്നു. ആശിഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് ലിഫ്റ്റിൽ ആശിഷ് കുടുങ്ങിയതായി അറിയുന്നത്.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.