കേരള സ്കൂൾ എഡ്യൂക്കേഷൻ കോണ്ഗ്രസ് ഏപ്രിൽ ഒന്നുമുതൽ കോവളത്ത്
Wednesday, March 29, 2023 10:59 AM IST
തിരുവനന്തപുരം: കേരള സ്കൂൾ എഡ്യൂക്കേഷൻ കോണ്ഗ്രസ് ഏപ്രിൽ ഒന്നു മുതൽ മൂന്നുവരെ കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ഒന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ആദ്യമായാണ് വിദ്യാഭ്യാസ മേഖലയിൽ അന്തർദേശീയ തലത്തിലുള്ള സമ്മേളനത്തിനു കേരളം തുടക്കം കുറിക്കുന്നതെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ നൂതന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യാനും പങ്കുവയ്ക്കാനുമുള്ള ലോക വേദി ഒരുക്കുന്നതിലൂടെ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ കൂടുതൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതാണു ലക്ഷ്യം. വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) യാണ് എഡ്യൂക്കേഷൻ കോണ്ഗ്രസിന്റെ സംഘാടകർ.
രാജ്യത്തും വിദേശങ്ങളിൽനിന്നുമായി 300 പ്രതിനിധികൾ പങ്കെടുക്കും. ഒൻപത് വിഷയങ്ങളിലായി 180 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഒന്നിന് വൈകുന്നേരം രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി ഡോ. ബി.ഡി. കല്ല മുഖ്യാഥിതിയാകും.
കർണാടക, തമിഴ്നാട് സർക്കാരുകളുടെ പ്രതിനിധികളും പങ്കെടുക്കും. ഏപ്രിൽ രണ്ടിനു വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം വിഷയത്തിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ മുൻ വൈസ് ചാൻസിലർ ജെ. ബി. തിലക് മുഖ്യപ്രഭാഷണം നടത്തും.
മൂന്നിന് രാവിലെ ഫിൻലാന്റ് ഹെസിങ്കി സർവകലാശാലയിലെ പ്രഫ. ജൊന്ന കങ്കാസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഫിൻലൻഡ് മാതൃക സംബന്ധിച്ച സംവാദം നടക്കും. സമാപന സമ്മേളനം ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.