"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
വെബ് ഡെസ്ക്
Wednesday, March 29, 2023 3:53 PM IST
ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിലേക്ക് തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ലക്ഷദ്വീപ് വിഷയത്തിൽ പാഠം ഉൾക്കൊണ്ടാണ് വയനാട്ടിൽ തിടുക്കത്തിലൊരു തീരുമാനം വേണ്ടെന്നതിലേക്ക് തെര. കമ്മീഷൻ എത്തിയതെന്നാണ് സൂചന.
വയനാട്ടിൽ തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പില്ലെന്നും ആറു മാസത്തിനകം നടത്തിയാൽ മതിയെന്നും കമ്മീഷൻ അറിയിച്ചു. രാഹുലിനെതിരായ കോടതി നടപടികൾ നിരീക്ഷിക്കുകയാണ്. വിചാരണക്കോടതി രാഹുലിന് അപ്പീലിന് ഒരു മാസം സമയം നൽകിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അതിനുശേഷം മാത്രമായിരിക്കും തീരുമാനം.
നിലവിൽ 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ വ്യക്തമാക്കി.
നേരത്തേ, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചിരുന്നു. ലോക്സഭാ സെക്രട്ടറിയേറ്റിനെതിരെ ഫൈസല്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തീരുമാനം.
വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതിനേതുടര്ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയത്. ഈ വിധി ഹൈക്കോടതി പിന്നീട് സ്റ്റേ ചെയ്തിരുന്നു.