തന്റെ അറസ്റ്റ് സിഖ് സമുദായത്തിനെതിരായ നീക്കമെന്ന് അമൃത്പാൽ സിംഗ്
Wednesday, March 29, 2023 11:15 PM IST
അമൃത്സർ: തന്നെ അറസ്റ്റ് ചെയ്യാനുള്ള സർക്കാർ നീക്കം സിഖ് സമുദായത്തിനെതിരായ ആക്രമണത്തിന്റെ ഭാഗമാണെന്ന് ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ്. ഒളിവിലിരിക്കെ പുറത്തുവിട്ട വീഡിയോയിലാണ് സിംഗ് ഇക്കാര്യം പ്രസ്താവിച്ചത്.
അറസ്റ്റിനെ ഭയമില്ലെന്നും ആവശ്യമെങ്കിൽ സർക്കാരിന് വീട്ടിൽ വച്ച് തന്നെ തന്റെ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നെന്നും സിംഗ് പറഞ്ഞു. ആർക്കും തന്നെ അപായപ്പെടുത്താൻ സാധിക്കില്ല. സിഖ് സമുദായത്തിൽ ഉടലെടുത്ത ഭയം മാറാനായി പൊതുയോഗം നടത്തണമെന്ന് അകാൽ തഖ്ത് നേതാവ് ഹർപ്രീത് സിംഗിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അമൃത്പാൽ സിംഗ് അറിയിച്ചു.
ഇതിനിടെ, അമൃത്പാൽ സിംഗ് കീഴടങ്ങിയേക്കുമെന്നുള്ള സൂചനകൾ ശക്തമായി. ഉപാധികളോടെ പഞ്ചാബ് പോലീസിന് മുന്നിൽ കീഴടങ്ങുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് മുമ്പിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബിൽ ഉടനീളം അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.