വൈക്കം സത്യഗ്രഹത്തിൽ ആർഎസ്എസിന് റോളില്ല: ഖാർഗെ
Thursday, March 30, 2023 10:36 PM IST
വൈക്കം: കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ മാറ്റത്തിനു കാരണമായ വൈക്കം സത്യഗ്രഹത്തിൽ ആർഎസ്എസിന് ഒരു റോളുമില്ലെന്നു കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജൂന ഖാർഗെ. 1925ൽ മാത്രം രൂപം കൊണ്ട ആർഎസ്എസിന്റെ അവകാശവാദം വെറും പൊള്ളയാണെന്നും കോണ്‍ഗ്രസിനു മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹത്തിനും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ കോണ്‍ഗ്രസിനെ ഏകാധിപത്യം കാണിച്ചു ഭയപ്പെടുത്തേണ്ടന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ് രണ്ടാമത്തെ സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ട സമയമായിരിക്കുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ഈ മണ്ണിൽ നിന്നും ഊർജം ഉൾക്കൊണ്ട് നമുക്ക് പോരാട്ടം ആരംഭിക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
രാജ്യത്തു ചോദ്യമില്ല. ചോദ്യം ചോദിക്കുന്നവരെ ജയിലിലടയ്ക്കുന്ന സ്ഥിതിയാണ്. പാർലമെന്റിൽ അദാനിയുടെ കൊള്ളയടിയും മോദിയും അദാനിയും തമ്മിലുള്ള ബന്ധവും ചോദ്യം ചെയ്തതാണ് രാഹുൽ ഗാന്ധിയെ പുറത്താക്കിയത്.
പ്രതിപക്ഷത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു പീഡിപ്പിക്കുന്നവർ അദാനിയെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് തിരിയുന്നില്ല. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിട്ടും സംയുക്ത പാർലമെന്റ് സമിതി രൂപീകരിക്കാൻ എന്തിനാണ് പ്രധാനമന്ത്രി ഭയപ്പെടുന്നതെന്നും ഖാർഗെ ചോദിച്ചു.