കാസര്‍ഗോഡ് അടച്ചിട്ട വീട്ടില്‍നിന്നും കോടികളുടെ കള്ളനോട്ട് പിടികൂടി
Thursday, March 30, 2023 9:56 PM IST
കാസര്‍ഗോഡ്: അടച്ചിട്ട വീട്ടില്‍നിന്നും അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച കോടികളുടെ കള്ളനോട്ട് പിടികൂടി. രഹസ്യവിവരത്തെതുടര്‍ന്ന് വൈകുന്നേരം ബദിയഡുക്ക മുണ്ട്യത്തടുക്കയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.
നിരോധിച്ച ആയിരം രൂപയുടെ നോട്ടാണ് കെട്ടുകളാക്കി വച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ നോട്ടുകളെല്ലാം കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞു. പല നോട്ടുകെട്ടുകളുടെയും ഇടയില്‍ വെള്ള പേപ്പറുകള്‍ വച്ചാണ് നിറച്ചിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി തങ്ങളുടെ കൈയില്‍ പണമുണ്ടെന്ന് വീഡിയോ കോളിലും മറ്റും കാണിക്കാനായിട്ടാകാം ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. പണം ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ല. മുണ്ട്യത്തടുക്കയിലെ ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇയാള്‍ വീട് രണ്ടുപേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.