പ്രധാനമന്ത്രിയുടെ സന്ദർശനം: കേരളത്തിൽ വികസന കുതിപ്പുണ്ടാകുമെന്ന് കെ.സുരേന്ദ്രൻ
Thursday, April 20, 2023 5:38 PM IST
കൊച്ചി: പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തോടെ കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ സന്ദർശനം ജനങ്ങൾക്ക് വലിയ പ്രതീക്ഷയും ആഹ്ലാദവും പകരുന്നതാണ്. യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കുന്ന യുവം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റം കുറിക്കും. പ്രധാനമന്ത്രിക്ക് യുവാക്കൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത ഇടത്-വലത് മുന്നണികളെ അസ്വസ്ഥമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിൽ ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലില്ലായ്മ വിസ്ഫോടനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ തകർച്ച എന്നിവയെല്ലാം കേരളത്തിന് തിരിച്ചടിയാണ്. ഇത്തരം ചോദ്യങ്ങളാണ് യുവം 2023-ൽ ചോദിക്കുക. ഇതൊരു തുടക്കം മാത്രമാണ്. കേരളത്തിലെ യുവതയുടെ പ്രശ്നങ്ങൾ ഇനിയും ചർച്ചയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വികസനത്തിനായി മതപുരോഹിതന്മാർ മുന്നോട്ടുവരുന്നത് നാടിന്റെ ഭാവിക്ക് ഗുണകരമാണ്. സിൽവർലൈൻ വരുമെന്നത് വ്യാജ പ്രചരണം മാത്രമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.