സെഞ്ചുറിക്ക് പിന്നാലെ ഗില്ലിന്റെ സഹോദരിക്ക് നേരെ അധിക്ഷേപം; നടപടി എടുത്ത് വനിതാ കമ്മീഷൻ
Monday, May 22, 2023 5:45 PM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കളംനിറഞ്ഞ ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാൻ ഗില്ലിന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. ഗില്ലിന്റെ സഹോദരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അധിക്ഷേപ പരാമർശവുമായി നിരവധി പേരാണ് എത്തിയത്.
വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ച പ്രകടനത്തിന് ശേഷമാണ് സൈബർ പോരാളികൾ അധിക്ഷേപം ആരംഭിച്ചത്. ഗില്ലിന്റെ സഹോദരിയുടെ ചിത്രത്തിന് താഴെ ലൈംഗികചുവയുള്ള അധിക്ഷേപ കമന്റുകളും നിരവധി പേർ പോസ്റ്റ് ചെയ്തിരുന്നു.
വിരാട് കോഹ്ലിയുടെ ആരാധകർ എന്ന് സൂചന നൽകുന്ന ഐഡികളിൽ നിന്നാണ് അധിക്ഷേപ പരാമർശങ്ങൾ എത്തിയത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ടതായും വിശദമായ അന്വേഷണം നടത്തിയ കർശന നടപടി എടുക്കുമെന്നും ഡൽഹി വനിതാ കമ്മീഷൻ സ്വാതി മാലിവാൾ അറിയിച്ചു.