തലമുടി നീട്ടിവളർത്തിയ ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി
Wednesday, May 31, 2023 10:16 PM IST
മലപ്പുറം: തിരൂരിൽ തലമുടി നീട്ടിവളർത്തിയ ആൺകുട്ടിക്ക് സ്കൂൾ അധികൃതർ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി.
തിരൂർ എംഇടി സിബിഎസ്ഇ സ്കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഞ്ച് വയസുകാരനായ ആൺകുട്ടി തലമുടി നീട്ടിവളർത്തിയതിനാലാണ് സ്കൂളിൽ പ്രവേശനം നിഷേധിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ കുട്ടിയുടെ മാതാവ് ചൈൽഡ്ലൈനിൽ പരാതി നൽകി. സ്കൂൾ അധികൃതരിൽ നിന്ന് ചൈൽഡ്ലൈൻ വിശദീകരണം തേടിയിട്ടുണ്ട്.
ഇതിനിടെ, കുട്ടി മറ്റൊരു സർക്കാർ സ്കൂളിൽ പ്രവേശനം നേടി. ദാനം ചെയ്യാനാണെന്ന ഉദ്ദേശ്യത്തോടെ കുട്ടിയുടെ ഇഷ്ടപ്രകാരമാണ് മുടി നീട്ടി വളർത്തിയതെന്നാണ് മാതാപിതാക്കൾ അറിയിച്ചത്.