രാജസ്ഥാനിൽ എംഎൽഎമാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
Sunday, June 4, 2023 2:23 PM IST
ജയ്പൂർ: രാജസ്ഥാനിൽ എംഎൽഎമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ലാഡ്നൂൺ എംഎൽഎ മുകേഷ് ഭകർ, രത്തൻഗഢ് എംഎൽഎ അഭിനേഷ് മെഹ്റിഷി എന്നിവരെ വിദേശത്ത് നിന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം രണ്ടുകോടി രൂപ ഇവർ ആവശ്യപ്പെട്ടു.
എംഎൽഎമാരുടെ പരാതി ലഭിച്ചതിന് പിന്നാലെ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേകഅന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. കേസിലെ പ്രധാനപ്രതിയായ പവൻ ഗോദാര എന്നയാളാണ് ഇന്റർനെറ്റ് കോളിലൂടെ എംഎൽഎമാരെ ബന്ധപ്പെട്ടത്.
വിദേശത്ത് നിന്നും ഡൽഹി വിമാനത്താവളത്തിൽ വന്നയുടൻതന്നെ പവനെ പോലീസ് പിടികൂടി. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ സജ്ഞയ് ചൗധരി എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.