വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ? തെര. കമ്മിഷൻ നടപടികൾ തുടങ്ങി
സ്വന്തം ലേഖകൻ
Wednesday, June 7, 2023 5:50 PM IST
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിൽ മോക് പോളിംഗ് തുടങ്ങി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മോക് പോളിംഗിൽ പങ്കെടുക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമങ്ങളാണ് നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിംഗ് നടക്കുന്നത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പിന് നീക്കം നടക്കുന്നത്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധി തുടരുക എന്നതാണ് തങ്ങളുടെയും ജനങ്ങളുടെയും ആവശ്യമെന്ന് ടി. സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു.