വിംബിൾഡണിൽ വാഹനാപകടം; എട്ട് വയസുള്ള കുട്ടി മരിച്ചു
Friday, July 7, 2023 11:12 PM IST
ലണ്ടൻ: വിംബിൾഡൺ മേഖലയിലെ സ്കൂൾ കോംപൗണ്ടിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി എട്ട് വയസുള്ള പെൺകുട്ടി മരിച്ചു. ഒരു സ്ത്രീയും എട്ട് വയസുള്ള മറ്റൊരു കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. 46 വയസുള്ള ഒരു സ്ത്രീ ഓടിച്ച ലാൻഡ് റോവർ കാർ, ക്യാംപ് റോഡിലെ "ദ സ്റ്റഡി' എന്ന സ്കൂളിന് മുമ്പിലുള്ള നടപ്പാത കടന്ന് കുട്ടികൾ നിൽക്കുന്ന മേഖലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാർ ഓടിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ഏഴ് മാസം പ്രായമുള്ള ഒരു കുട്ടിക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
വിംബിൾഡൺ ഗ്രാൻഡ് സ്ലാം ടൂർണമെന്റ് നടക്കുന്ന വേദിയിൽ നിന്ന് 15 മിനിറ്റ് മാത്രം അകലെയാണ് അപകടം നടന്ന സ്കൂൾ. അപകടത്തെത്തുടർന്ന് ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ് ചെയർമാൻ ഇയാൻ ഹെവിറ്റ് സ്കൂളിലെത്തി മരണപ്പെട്ടവർക്ക് ആദരമർപ്പിച്ചു.