കേരള-കർണാടക അതിർത്തിയിൽ വൻ കുഴൽപ്പണ വേട്ട
Tuesday, August 1, 2023 6:03 PM IST
കണ്ണൂർ: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കുഴൽപ്പണവുമായി അഞ്ച് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. ഇവരിൽ നിന്ന് 1.12 കോടി രൂപ പിടിച്ചെടുത്തു. വിഷ്ണു, സെന്തിൽ, മുത്തു, പളനി, സുടലി മുത്തു എന്നിവരാണു പിടിയിലായത്.
അറസ്റ്റിലായവരുടെ അരയിൽ കെട്ടിവച്ച നിലയിലാണ് പണം കണ്ടെത്തിയത്. സ്വർണം വാങ്ങാൻ മലപ്പുറത്തെ തിരൂരിലേക്കു കൊണ്ടുപോകുന്ന പണമാണെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ പണത്തിന് രേഖകൾ ഹാജരാക്കാൻ ഇവർക്കു കഴിഞ്ഞില്ല.
കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ഇൻസ്പെക്ടർ പി.ടി.യേശുദാസന്റെ നേതൃത്വത്തിൽ കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയിലാണ് ടൂറിസ്റ്റ് ബസിൽ നിന്നു കുഴൽപ്പണം പിടിച്ചത്. ബംഗളൂരു-കോഴിക്കോട് പാതയിൽ രാത്രി സർവീസ് നടത്തുന്ന ബസിലാണ് പണം കടത്താൻ ശ്രമിച്ചത്.
പിടിയിലായവർ കാരിയർമാരാണെന്നാണു പ്രാഥമിക നിഗമനം. അഞ്ചംഗ സംഘത്തിനെ കൂടുതൽ അന്വേഷണത്തിനായി പോലീസിനു കൈമാറി.