രാജസ്ഥാനിൽ ദളിത് യുവാവിനെക്കൊണ്ട് ഷൂസ് നക്കിച്ച് കോൺഗ്രസ് എംഎൽഎ
Friday, August 11, 2023 8:02 PM IST
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെക്കൊണ്ട് കോൺഗ്രസ് എംഎൽഎ ഷൂസ് നക്കിച്ചെന്ന് ആരോപണം. യുവാവിന്റെ ശരീരത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മൂത്രമൊഴിച്ചെന്നും പരാതിയുണ്ട്.
ജാംവാ രാംഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ ഗോപാൽ മീണയ്ക്കും രാംഗർ പോലീസ് സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ജൂൺ 30-ന് തന്റെ കൃഷിയിടത്തിൽനിന്ന് എംഎൽഎയുടെ വസതിയിലേക്ക് പോലീസുകാർ കൂട്ടിക്കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരൻ അറിയിച്ചത്. മീണയുടെ കാലിൽ കിടന്ന ഷൂസ് നക്കിച്ചെന്നും രാംഗർ സിഐ ശിവ്കുമാർ ഭരദ്വാജ് തന്റെ മേൽ മൂത്രമൊഴിച്ചെന്നും യുവാവ് ആരോപിച്ചു.
എന്നാൽ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഭൂമികൈയേറ്റക്കാർക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് ചിലർ ഈ വ്യാജ ആരോപണം ഉയർത്തിയതെന്നും മീണ അറിയിച്ചു.