വെളിച്ചം ഇരുളുമോ?; വൈദ്യുതി പ്രതിസന്ധിയില്‍ ഇന്ന് നിർണായകയോഗം
Monday, August 21, 2023 8:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വീണ്ടും ഉന്നതതല യോഗം. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണമോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.
ചര്‍ച്ചയുണ്ടാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് ഉടന്‍ തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് സൂചന. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെഎസ്ഇബി ചെയര്മാന് നല്കുന്ന റിപ്പോര്‍ട്ടാകും പ്രധാനമായും ചര്‍ച്ചയാവുക.
വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷമാകും തീരുമാനം. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്ദേശവുമുണ്ടായേക്കും. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.
പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെഎസ് ഇബി മുന്നോട്ട് പോകുന്നത്. പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടെന്നാണ് മന്ത്രി പറയുന്നത്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് കേരളത്തിന് തിരിച്ചടിയായത്. നഷ്ടം നികത്താന്‍ സര്‍ചാര്‍ജും പരിഗണനയിലുണ്ട്.
നിലവില്‍ 37 ശതമാനം ജലം മാത്രമാണ് ബോര്‍ഡിന്റെ സംഭരണികള്‍ ഉള്ളത്.