സർക്കാർ ഭൂമി അനധികൃതമായി പതിച്ച് നൽകി; കെഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Friday, August 25, 2023 7:08 PM IST
ബംഗളൂരു: സർക്കാർ ഭൂമിയിൽ സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പട്ടയം അനുവദിച്ച് നൽകിയ കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാർവാറിലെ സീബേഡ് നേവൽ ബേസ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥനായ ജെ. ഉമേഷിനെയാണ് ചിക്മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയോടെ ബംഗളൂരുവിൽ നിന്നാണ് ഉമേഷ്, റിട്ടയേഡ് ശിരസ്തേദാർ നഞ്ചുണ്ടൈയ, റവന്യു ഇൻസ്പെക്ടർ കിരൺ കുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഉമേഷിനും കൂട്ടാളികൾക്കുമെതിരെ വ്യാജപട്ടയ ആരോപണം ഉന്നയിച്ച് ഓഗസ്റ്റ് 12-നാണ് പോലീസിൽ പരാതി ലഭിച്ചത്.
ചിക്മംഗളൂരുവിലെ കഡൂർ മേഖലയിൽ തഹസിൽദാർ പദവിയിലിരിക്കെ, സ്വകാര്യ വ്യക്തിക്ക് അഞ്ച് ഏക്കർ സർക്കാർ ഭൂമി ഉമേഷ് അനധികൃതമായി പതിച്ച് നൽകിയെന്നാണ് പരാതി.
ഉമേഷിനെ ചോദ്യംചെയ്ത് വരികയാണെന്നും തെളിവെടുപ്പിനായി കഡുരിലേക്ക് ഉടൻ കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചു.