ഫ്ലോറിഡയിൽ വെടിവയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
Sunday, August 27, 2023 6:04 AM IST
വാഷിംഗ്ടൺ ഡിസി: വംശീയ വിദ്വേഷം മൂലം ഒരു തോക്കുധാരി ഫ്ലോറിഡയിലെ ജാക്സൺവില്ലിൽ മൂന്ന് കറുത്ത വർഗക്കാരെ വെടിവച്ചു കൊന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു ആക്രമണം.
ഡോളർ ജനറൽ എന്ന കടയിലാണ് വെടിവയ്പുണ്ടായത്. കറുത്ത വർഗക്കാരെ തെരഞ്ഞുപിടിച്ചാണ് ഇയാൾ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. അക്രമിയുടെ കൈയിൽനിന്നും കറുത്ത വർഗക്കാർക്കെതിരെയുള്ള വംശീയ വെറുപ്പിന്റെ സന്ദേശം അധികൃതർ കണ്ടെടുത്തു.
ഓട്ടോമാറ്റിക് തോക്കുകളുമായി എത്തിയാണ് ഇയാൾ വെടിയുതിർത്തത്. അക്രമി പിന്നീട് സ്വയം വെടിയുതിർത്ത് ജീവനോടുക്കിയതായും പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ എഫ്ബിഐയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വംശീയവെറിയാണ് കൊലയ്ക്ക് കാരണമെന്നും യുഎസ് പോലീസ് അറിയിച്ചു. സംഭവത്തിൽ ഫ്ലോറിഡ ഗവർണർ ശക്തമായ ഭാഷയിൽ അപലപിച്ചു.