മണിപ്പുരിൽ വീണ്ടും വെടിവയ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്
Tuesday, August 29, 2023 6:33 PM IST
ഇംഫാൽ: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പുരിൽ ഇന്ന് രാവിലെ നടന്ന വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ബിഷ്ണുപുർ - ചുരാചന്ദ്പുർ അതിർത്തി മേഖലയിലെ നരാൻസേന സ്വദേശിയായ സാകാം ജോതിൻ എന്ന കർഷകനാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ജോതിനെ ഗുരുതര പരിക്കുകളുമായി ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവയ്പ്പിനെത്തുടർന്ന് ബിഷ്ണുപുർ മേഖലയിൽ പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഈ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മണിപ്പുർ നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തിനിടെയാണ് സംഘർഷം നടന്നത്. കുക്കി വിഭാഗത്തിൽ നിന്നുള്ള 10 എംഎൽഎമാരും വിട്ടുനിന്ന സമ്മേളനം, കോൺഗ്രസ് അംഗങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് പിരിച്ചുവിട്ടിരുന്നു.