കൈക്കുഞ്ഞുമായെത്തിയ യുവതിക്ക് ക്രൂരമർദനം; മൂന്നുപേർ അറസ്റ്റിൽ
Friday, September 1, 2023 4:55 AM IST
ഭോപ്പാൽ: മധ്യപ്രദേശില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സാഗര്‍ സിറ്റിയിലെ ബസ് സ്റ്റാന്‍ഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി ബസ് സ്റ്റാൻഡിലെ കാന്റിനിൽ പാൽ വാങ്ങാനെത്തിയതായിരുന്നു ഇവർ. ഇതിനിടെ പ്രവീൺ റൈക്വാർ (26), വിക്കി യാദവ് (20), രാകേഷ് പ്രജാപതി (40) എന്നിവർ യുവതിയെ വടികൊണ്ട് അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
ഈ സമയം യുവതിയുടെ കുഞ്ഞ് നിലത്ത് കിടക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തന്നെ മർദിക്കരുതേയെന്ന് യുവതി ഇവരോട് അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.