ബ്യൂട്ടിപാർലറിന്റെ മറവില്‍ അനാശാസ്യം, സ്പായില്‍ മയക്കുമരുന്ന്; 83 സ്ഥാപനങ്ങളിലെ റെയ്ഡിന് പിന്നാലെ കേസ്
വെബ് ഡെസ്ക്
Thursday, September 14, 2023 12:45 PM IST
കൊച്ചി: എറണാകുളത്തെ ആയുര്‍വേദ സ്പാകളിലും മസാജ് പാര്‍ലറുകളിലുമായി നടത്തിയ റെയ്ഡിന് പിന്നാലെ കേസെടുത്ത് പോലീസ്. കടവന്ത്രയിലും പാലാരിവട്ടത്തുമുള്പ്പടെ 83 സ്ഥാപനങ്ങളിലായിട്ടാണ് റെയ്ഡ് നടന്നത്. ഇതില്‍ രണ്ടെണ്ണത്തിനെതിരെ ഇന്ന് കേസ് എടുത്തു.
ഇവയില്‍ ചില സ്ഥാപനങ്ങളില്‍ അനാശ്യാസ്യവും മയക്കുമരുന്ന് വില്‍പനയുമടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്നായിരുന്നു റെയ്ഡ്.
കടവന്ത്രയിലെ ഭദ്ര ബ്യൂട്ടി പാര്‍ലറില്‍ അനാശ്യാസം നടത്തിയതിനാണ് കേസ്. ഇതിനുള്ള തെളിവ് റെയ്ഡിനിടെ ലഭിച്ചിരുന്നു.
പാലാരിവട്ടത്തെ എസ്സന്‍ഷ്യല്‍ ബോഡി കെയറില്‍ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടായിരുന്നുവെന്നും കേസെടുത്തുവെന്നും പോലീസ് വ്യക്തമാക്കി. ഈ സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചു പൂട്ടും. വരും ദിവസങ്ങളിലും ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന ഉണ്ടായേക്കും.
കൊച്ചിയിലെ ചില സ്പാകള്‍ കേന്ദ്രീകരിച്ച് അനാശ്യാസ്യം നടക്കുന്നുണ്ടെന്ന് മുന്‍പ് പലതവണ പരാതികള്‍ ഉയര്‍ന്നിരുന്നു. പല സമയത്തായി ചില സ്പാകളിലും മസാജ് കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല.