അഴിമതിയെ കുറിച്ച് പറയാതെ പോകാൻ പറ്റില്ലെന്ന് കുഴൽനാടൻ; മൈക്ക് ഓഫാക്കി സ്പീക്കർ
Thursday, September 14, 2023 7:29 PM IST
തിരുവനന്തപുരം: സഹകരണ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ നിയമസഭയിൽ ബഹളം. കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച റിപ്പോർട്ട് മാത്യു കുഴൽനാടൻ എംഎൽഎ വായിക്കുന്നതിനിടെയാണ് ബഹളമുണ്ടായത്.
സതീഷ് കുമാറിനെതിരെ ഇഡി സമർപ്പിച്ച റിപ്പോർട്ടും അതിൽ ഭരണപക്ഷത്തുള്ള ഉന്നതനായ രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്നുമുള്ള റിപ്പോർട്ട് സഭയിൽ വായിക്കുന്നതിനിടെയാണ് ബഹളമുണ്ടായത്.
ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ചതോടെ സ്പീക്കർ വിഷയത്തിൽ ഇടപെട്ടു. സഹകരണ ഭേദഗതി ബില്ല് ചർച്ച ചെയ്യണമെന്നും മറ്റ് കാര്യങ്ങൾ പത്രത്തിൽ വന്നതാണെന്നും സ്പീക്കർ എ. ഷംസീർ വ്യക്തമാക്കി.
റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നാൽ ഒരാൾ പ്രതിയാക്കില്ല. അങ്ങനെ പ്രതിയായാൽ തനോക്കെ എത്ര കേസിൽ പ്രതിയാകും. കോടതി കുറ്റകാരൻ എന്നു കണ്ടെത്തുന്നതുവരെ ഒരാൾ പ്രതിയാകില്ലെന്നും സ്പീക്കർ വാദിച്ചു.
സഹകരണ ഭേദഗതി ബില്ല് ചർച്ച ചെയ്യുന്പോൾ കരുവന്നൂർ ചർച്ച ചെയ്യാതിരിക്കാൻ സാധിക്കില്ലെന്ന് കുഴൽനാടൻ തിരിച്ചടിച്ചു. സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയും ശുദ്ധികരിക്കുകയും ചെയ്യുന്നതാണ് ഭേദഗതി ബില്ല്. അഴിമതിയെ കുറിച്ച് പറയാതെ പോകാൻ പറ്റില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതോടെ സ്പീക്കർ മാത്യു കുഴൽനാടന്റെ മൈക്ക് ഓഫാക്കി.
തുടർന്നു പ്രതിപക്ഷത്തുനിന്നും സംസാരിച്ച കെ.കെ. രമയും കരുവന്നൂർ ആവർത്തിച്ചു. നരേന്ദ്ര മോദിയുടെ സഭയിലാണോ ഇരിക്കുന്നതെന്ന് തോന്നി പോയി എന്ന് രമയും പറഞ്ഞു.
ഒരു അംഗത്തിന് പറയാനുള്ളത് പറയാൻ കഴിയാത്ത സാഹചര്യം ഖേദകരമാണ്. സ്പീക്കർ ഇങ്ങനെ രൂക്ഷമായി സംസാരിച്ചത് ശരിയാണോ. സഭയിലെ അംഗങ്ങളോടും വിഷങ്ങളോടും സ്പീക്കർക്കുള്ള സമീപനം ഇതാണോ എന്ന് രമ ചോദിച്ചു.