ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭ പാസായി
Thursday, September 14, 2023 9:05 PM IST
തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്ഠ്യേന പാസാക്കി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി.
കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതോടെ നിയമസാധുത ലഭിക്കും.
പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പോലും കഴിയാത്ത സാഹചര്യം നിലനില്‍ക്കെ പാസാക്കിയ ഈ ബിൽ ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് ബിൽ അവതരിപ്പിച്ച റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
നിലവിലുള്ള ആക്ടിൽ മാറ്റം വരുത്തിയാൽ മാത്രമേ തുടർന്ന് ചട്ടത്തിൽ ഭേദഗതി വരുത്താൻ കഴിയുകയുള്ളെന്നും ചട്ടം രൂപീകരിക്കുന്പോൾ പൂർണമായും ജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തിയാവും നടപ്പാക്കുകയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
1960ലെ ഭൂപതിവ് നിയമം 21 ചട്ടങ്ങളുടെ കേന്ദ്ര നിയമമാണ്. ഇതിനാൽ മൂല നിയമത്തിൽ തന്നെ ഭേദഗതി ആവശ്യമാണെന്നും അതിനാലാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തിയത്. സംസ്ഥാനത്തെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നിയമത്തിലും ചട്ടത്തിലും ഭേദഗതി വേണമെന്നു സുപ്രീംകോടതി വരെ വിധി പ്രസ്താവിച്ചിരുന്നു.