പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, 34 പേർക്ക് പരിക്ക്
Tuesday, September 19, 2023 4:29 AM IST
ലിമ: തെക്കുകിഴക്കൻ പെറുവിലുണ്ടായ ബസ് അപകടത്തിൽ രണ്ട് കുട്ടികളടക്കം 25 പേർ മരിച്ചു. 34 പേർക്ക് പരിക്കേറ്റു. ഇടുങ്ങിയ മലയോര പാതയിൽനിന്നും ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
രണ്ട് ആൻഡിയൻ പട്ടണങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന ബസ് ഹുവാങ്കവെലിക്ക മേഖലയിൽവച്ചാണ് അപകടമുണ്ടായത്. 656 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്.
കഴിഞ്ഞ മാസം ഇതേ മേഖലയിൽ ഉണ്ടായ അപകടത്തിൽ 13 പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.