ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങളും ആദര്‍ശങ്ങളും സംരക്ഷിക്കാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എംപിമാരുടെ കൂട്ടായ പ്രയത്‌നങ്ങള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മികച്ച അടിത്തറയുണ്ടാക്കിയെന്നും ഖാര്‍ഗെ പറഞ്ഞു.

പുതിയ പാര്‍ലമെന്‍റ് മന്ദിര പ്രവേശനത്തിന് മുമ്പ് പഴയ മന്ദിരത്തിന്‍റെ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ഭരണഘടനാ രൂപീകരണം നടന്നത് ഇവിടെയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങളും പാര്‍ലമെന്‍ററി പാരമ്പര്യങ്ങളും സംരക്ഷിക്കാന്‍ തയാറാകണം. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് രാഷ്ട്രത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍.അംബേദ്കര്‍ എന്നിവര്‍ നല്‍കിയ സംഭാവനകളും ഖാര്‍ഗെ അനുസ്മരിച്ചു.

തിങ്കളാഴ്ച ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ നെഹ്‌റുവിനെ അനുസ്മരിച്ചതിന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദിയോട് ഖാര്‍ഗെ നന്ദി പറഞ്ഞു.