സഹകരണ ബാങ്കുകളിൽ തിരക്ക്; പേടിയോടെ നിക്ഷേപകർ, പേടിക്കേണ്ടെന്നു ബാങ്കുകൾ
Wednesday, September 20, 2023 2:57 PM IST
തൃശൂർ: ജില്ലയിലെ സഹകരണ ബാങ്കുകളിൽ വ്യാപകമായി ഇഡി റെയ്ഡ് നടത്തിയതോടെ സഹകരണ ബാങ്കുകളിൽ ഇടപാടുകാരുടെ തിരക്കേറി. നിരവധിപ്പേർ സഹകരണ ബാങ്കുകളിൽനിന്നു തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാനെത്തിയപ്പോൾ മറ്റുപലരും ബാങ്കുകളുടെ അവസ്ഥയെന്തെന്ന് അറിയാനാണ് എത്തിയത്.
എന്നാൽ ഇത്തരം പരിശോധനകൾ ബാങ്കുകളിൽ സാധാരണമാണെന്നും ആശങ്ക വേണ്ടെന്നും സഹകരണ ബാങ്കുകൾ പൊളിയുന്നുവെന്ന കുപ്രചാരണത്തിൽ ഇടപാടുകാർ വീഴരുതെന്നും ബാങ്കുകാർ പറയുന്നുണ്ടെങ്കിലും പലരും ഇത് വിശ്വാസത്തിലെടുക്കുന്നില്ല.
ഇടപാടുകാർ പറയുന്നത്...
നമുക്കാകെയുള്ള സന്പാദ്യമാണ് ഇത്തരം സഹകരണബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. അത് നമ്മുടെ ആവശ്യത്തിന്, ആവശ്യമുള്ള സമയത്ത് പിൻവലിക്കാനുള്ളതാണ്. കരുവന്നൂരിൽ ആളുകൾ ഇട്ട നിക്ഷേപം പിൻവലിക്കാൻ ടോക്കണെടുത്ത് ബാങ്കുകാർ പറയുന്ന സമയം നോക്കി കാത്തിരിക്കുന്ന സ്ഥിതി നമ്മൾ കണ്ടതാണ്.
അതുണ്ടാകാതിരിക്കാനാണ് ഞങ്ങൾ നിക്ഷേപം പിൻവലിക്കുന്നത്. ബാങ്ക് പൊളിയരുതെന്നു തന്നെയാണ് ഞങ്ങളുടേയും ആഗ്രഹം. പക്ഷേ ഞങ്ങളുടെ നിക്ഷേപം വച്ച് കളിക്കാൻ തയാറല്ല.
ബാങ്ക് അധികൃതർ പറയുന്നത്...
ഒരു റെയ്ഡ് നടത്തിയതുകൊണ്ടോ ഏതെങ്കിലും ഇടപാടുകാർ കള്ളത്തരം കാണിച്ചതുകൊണ്ടോ സഹകരണ ബാങ്ക് പൊളിയില്ല. എന്നാൽ അഭ്യൂഹങ്ങളിൽ വിശ്വസിച്ച് ഇടപാടുകാർ കൂട്ടത്തോടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തുകയാണ്.
മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ടാണ് പലരും നിക്ഷേപം പിൻവലിക്കാനാണ് എത്തുന്നത്. ഞങ്ങൾ എത്ര പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്.