സുരേഷ് ഗോപി പദവി ഏറ്റെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല: കെ. സുരേന്ദ്രൻ
Friday, September 22, 2023 12:14 PM IST
തിരുവനന്തപുരം: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് പാർട്ടിയെ അദ്ദേഹം അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ഈ പദവി ഏറ്റെടുത്താൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്താനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ അദ്ദേഹത്തിന് യാതൊരു വിലക്കുകളൊ ബുദ്ധിമുട്ടുകളൊ ഉണ്ടാകില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
സുരേഷ് ഗോപിയുടെ കഴിവുകൾക്കുള്ള അംഗീകാരമായും ആദരവായിട്ടുമാണ് അദ്ദേഹത്തിന് സ്ഥാനം നൽകിയത്. പുതിയ സ്ഥാനലബ്ധിയിൽ അദ്ദേഹം യാതൊരു അഭിപ്രായവ്യത്യാസവും നീരസവും പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
ചില മാധ്യമങ്ങൾ ഗോസിപ്പുകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
എം. സുരേഷ്ബാബു