കോണ്‍ഗ്രസ് എംപിയ്ക്കെതിരേ 10 കോടിയുടെ മാനനഷ്ടക്കേസ് നല്കി ഹിമന്ത ശര്‍മയുടെ ഭാര്യ
Saturday, September 23, 2023 6:54 PM IST
ഗോഹട്ടി: കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കെതിരേ 10 കോടിയുടെ മാനനഷ്ടക്കേസ് നല്കി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനിക്കി ഭൂയാന്‍ ശര്‍മ.
ഭക്ഷ്യ സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന തെറ്റായ ആരോപണം ഉയര്‍ത്തിയെന്നതിന്റെ പേരിലാണ് കേസ് നല്‍കിയിരിക്കുന്നത്.
കിസാന്‍ സമ്പദാ സ്കീമിന്റെ ഭാഗമായി റിനിക്കി ഭൂയാന്‍ ശര്‍മയുടെ കമ്പനി ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തില്‍ നിന്നും 10 കോടി രൂപ സബ്സിഡിയായി കൈപ്പറ്റാന്‍ നീക്കം നടത്തിയെന്നായിരുന്നു ഗൊഗോയിയുടെ ആരോപണം.
കാംരൂപ് മെട്രോപോളിറ്റനിലെ സിവില്‍ ജഡ്ജ് കോടതിയില്‍ സീനിയര്‍ ഡിവിഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഇത് ഈ മാസം 26ലേക്ക് മാറ്റിയതായും റിനിക്കിയുടെ അഭിഭാഷകനായ ദേവജിത് സൈക്കിയ അറിയിച്ചു.
സബ്സിഡി ലഭിക്കുന്നതിനായി റിനിക്കി യാതൊരു വിധത്തിലുള്ള അപേക്ഷകളും നല്‍കിയിട്ടില്ലെന്നു വ്യക്തമാണെന്നും അപകീര്‍ത്തികരമായ 'എക്സ്' ട്വീറ്റുകളുടെ പേരില്‍ ഗൗരവ് ഗൊഗോയിയില്‍ നിന്ന് നഷ്ടപരിഹാരമായി 10 കോടി രൂപയാണ് തന്റെ കക്ഷി ആവശ്യപ്പെടുന്നതെന്നും സൈക്കിയ കൂട്ടിച്ചേര്‍ത്തു.