കണ്ടപ്പോള്‍ മിണ്ടിയില്ല; സുഹൃത്തിനെ രാത്രി വീട്ടിലെത്തി കുത്തിപ്പരിക്കേല്പിച്ച് യുവാവ്
Wednesday, September 27, 2023 2:05 PM IST
തിരുവനന്തപുരം: പുറത്തുവെച്ച് കണ്ടപ്പോള്‍ മിണ്ടിയില്ല എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച യുവാവ് പിടിയില്‍. പള്ളിത്തുറ തിരുഹൃദയ ലെയിനില്‍ പുതുവല്‍ പുരയിടത്തില്‍ ഡാനി റെച്ചന്‍സ് (31) ആണ് അറസ്റ്റിലായത്.
ഇയാളുടെ സുഹൃത്തായിരുന്ന തുമ്പ സ്വദേശി സന്തോഷിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 11.30ന് കേസിന് ആസ്പദമായ സംഭവം.
ഡാനിയെ സന്തോഷ് പുറത്തുവച്ച് കണ്ടിരുന്നു. എന്നാല്‍ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതില്‍ പ്രകോപിതനായ ഡാനി സന്തോഷിന്റെ വീട്ടിലെത്തി ബഹളംവയ്ക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബഹളം കേട്ട് വീട്ടുകാര്‍ എത്തിയതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ആക്രമണത്തില്‍ സാരമായി പരിക്കറ്റ സന്തോഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത തുമ്പ പോലീസാണ് ഡാനിയെ പിടികൂടിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ് പോലീസ് പറഞ്ഞു.