രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
Tuesday, October 3, 2023 3:39 PM IST
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ മറ്റ് ഭാഗങ്ങളിലും അനുഭവപ്പെട്ടു.
ഉച്ചകഴിഞ്ഞ് 2.25നാണ് ആദ്യഭൂചലനം അനുഭവപ്പെട്ടത്. തുടർന്ന് 40 സെക്കൻഡോളം നീണ്ടുനിന്നു. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. രണ്ടാമത്തെ ഭൂചലനം 2.52 ന് അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 6.2 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ ലക്നോ, ഹാപൂർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.