നിജ്ജാറിനെ കൊന്നത് ചൈനീസ് ഏജന്റുമാർ;ആരോപണവുമായി ബ്ലോഗര്‍
Tuesday, October 10, 2023 6:33 AM IST
ന്യൂയോര്‍ക്ക് സിറ്റി: കാനഡയില്‍ ഖലിസ്ഥാനി ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന ആക്ഷേപവുമായി ബ്ലോഗര്‍.
സ്വതന്ത്ര ബ്ലോഗറായ ജെന്നിഫര്‍ സെംഗ് ആണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ഏജന്റുമാര്‍ക്കു നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ഇന്ത്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെയാണു നിജ്ജാര്‍ വധം ചൈന ആസൂത്രണം ചെയ്തതെന്നു ജെന്നിഫര്‍ പറയുന്നു.
തയ്വാനുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ സൈനിക തന്ത്രത്തിന്റെ ഭാഗമാണിതെന്നും ജെന്നിഫര്‍ ചൂണ്ടിക്കാട്ടി.
യുഎസില്‍ താമസിക്കുന്ന ചൈനീസ് വംശജയായ ഇവര്‍ ആക്ടിവിസ്റ്റും ജേണലിസ്റ്റുമാണ്. ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഗുരുദ്വാരയിലാണു നിജ്ജാര്‍ കൊല്ലപ്പെട്ടത്.
ചൈനീസ് എഴുത്തുകാരനും യുട്യൂബറുമായ, കാനഡയില്‍ താമസിക്കുന്ന ലാവോ ഡെംഗിനെ ഉദ്ധരിച്ച് ജെന്നിഫര്‍ തന്റെ ആരോപണങ്ങള്‍ ഉറപ്പിക്കുന്നു.
''ഇഗ്നിഷ്യന്‍ പ്ലാന്‍ എന്ന പദ്ധതിയുടെ ഭാഗമായി രാജ്യസുരക്ഷാ ചുമതലയുള്ള സിസിപി മന്ത്രാലയം യുഎസിലെ സിയാറ്റിലിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ അയച്ചു. യുഎസില്‍ ഇവര്‍ രഹസ്യയോഗം ചേര്‍ന്നു. ഇന്ത്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധം തകര്‍ക്കുക എന്നതായിരുന്നു യോഗത്തിന്റെ അജന്‍ഡ. കാനഡയിലെ സിഖ് നേതാവ് നിജ്ജാറിനെ കൊല്ലാന്‍ ഏജന്റുമാരെ നിയോഗിച്ചു.
ഈ യോഗത്തിനു ശേഷമാണു സിസിപി ഏജന്റുമാര്‍ നിജ്ജാറിനെ വകവരുത്തിയത്. ശബ്ദരഹിതമായ തോക്കുകള്‍ ഉപയോഗിച്ചു നിജ്ജാറിനെ വധിച്ച ശേഷം കാറിന്റെ ഡാഷ് കാമറ തകര്‍ത്ത് ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞു. ആയുധങ്ങളടക്കം നശിപ്പിച്ച് തെളിവുകളെല്ലാം ഇല്ലാതാക്കി. അടുത്ത ദിവസം തന്നെ കാനഡയില്‍നിന്ന് വിമാനം കയറി'' സെംഗ് വിശദീകരിച്ചു.
സംഭവത്തില്‍ ഇന്ത്യയെ കുടുക്കണമെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യൻ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷിലാണ് സിസിപി ഏജന്റുമാര്‍ സംസാരിച്ചതെന്നും ജെന്നിഫര്‍ പറയുന്നു.