റാഫാ ഗേറ്റ് തുറക്കുന്നു; പ്രതീക്ഷയോടെ ഗാസ
Monday, October 16, 2023 12:48 PM IST
കയ്റോ: ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റാഫാ ക്രോസിംഗ് തിങ്കളാഴ്ച പ്രാദേശികസമയം രാവിലെ ഒമ്പതിന് വീണ്ടും തുറക്കും. പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനായാണ് ഈജിപ്ത് റാഫാ ഗേറ്റ് തുറക്കുന്നത്.
തുടർന്ന് ഗാസയിലേക്ക് മാനുഷിക സഹായവും ഗാസയിലേക്ക് എത്തിക്കാൻ തുടങ്ങുമെന്ന് പലസ്തീൻ എംബസി പ്രതിനിധി കമൽ ഖത്തീബിനെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റാഫാ ക്രോസിംഗ് മാത്രമാണ് ഗാസയിൽ നിന്ന് ആളുകളെ മാറ്റുന്നതിനും അങ്ങോട്ടേക്ക് സാധനങ്ങൾ അയയ്ക്കുന്നതിനും അവശേഷിക്കുന്ന ഏക മാർഗം. മറ്റു രണ്ട് അതിർത്തികൾ ഇസ്രയേൽ അടച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈജിപ്ത് റാഫാ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.
അതേസമയം, യാത്രക്കാർക്ക് റാഫാ അതിർത്തി വഴി യാത്ര ചെയ്യാൻ അനുവദിക്കുമോ, അല്ലെങ്കിൽ എത്ര സമയത്തേക്ക് അനുമതി നല്കും എന്ന് വ്യക്തമല്ലെന്ന് ഇസ്രയേലിലെ യുഎസ് എംബസി അറിയിച്ചു.